തൃശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് സംസ്ഥാന സർക്കാർ ഗണ്യമായി വെട്ടികുറച്ചതോടെ തൃശൂർ കോർപറേഷന്റെ വികസന പദ്ധതികൾ പ്രതിസന്ധിയിലാകുമെന്ന് എൽഡിഎഫ്. മുൻ ബജറ്റിൽ അനുവദിച്ചിരുന്ന തുകയുമായി താരതമ്യം ചെയ്യുന്പോൾ കോർപറേഷന് ലഭിക്കേണ്ട ഫണ്ടിൽ വലിയ കുറവുണ്ടായതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
2025-26 കാലഘട്ടത്തിൽ കോർപറേഷന് ബജറ്റ് വിഹിതമായി പൊതുവിഭാഗത്തിൽ 97 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 11 കോടി രൂപയും അടക്കം 109 കോടി രൂപ യാണ് വകയിരുത്തിയിരുന്നത്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് പ്രകാരം പൊതുവിഭാഗത്തിൽ 13 കോടി രൂപയും പട്ടികജാതി വിഭാഗത്തിൽ 10 കോടി രൂപയുമായി ആകെ 23 കോടി രൂപയായി വെട്ടിക്കുറച്ചതിലൂടെ 86 കോടി രൂപയുടെ കുറവാണ് വരുത്തിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
യുഡിഎഫ് സർക്കാർ പുതുക്കിയ ബജറ്റിലൂടെ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം പുന: ക്രമീകരിച്ചതോടെ കോർപറേഷനിൽ കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി ആരംഭിച്ച ഒട്ടേറെ വികസന- ക്ഷേമ പദ്ധതികൾ അട്ടിമറിക്കപ്പെടുമെന്നാണ് പ്രധാന ആരോപണം.